IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ബോർഡിൽ മികച്ച സ്‌കോർ നേടിയെന്നും അതിനാൽ ബാറ്റിംഗ് അല്ല ടീമിന്റെ തോൽവിയുടെ കാരണം എന്ന് റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. ബാംഗ്ലൂർ ഇന്നിങ്സിന്റെ സമയത്ത് വളരെ എളുപ്പത്തിൽ കൈപ്പിടിയിൽ ഒതുക്കേണ്ട ക്യാച്ചുകൾ വിട്ടുകളഞ്ഞത് പണി ആണെന്നും അതാണ് തോൽവിക്ക് കാരണം ആയതെന്നും സഞ്ജു ഓർമിപ്പിച്ചു.

ജയ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് കിട്ടിയ ബാംഗ്ലൂർ നായകൻ രജത് രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. യശസ്വി ജയ്‌സ്വാളിനും സഞ്ജു സാംസണിനും പവർപ്ലേയിൽ ശരിയായ താളം കണ്ടെത്താൻ ആകാതെ പോയത് രാജസ്ഥാൻ സ്കോറിന് വേഗം കുറയാൻ കാരണമായി എന്ന് ഉറപ്പിച്ച് പറയാം.

മന്ദഗതിയിലുള്ള തുടക്കം ആയിരുന്നിട്ടും, ജയ്‌സ്വാളിന്റെ 75 റൺസിന്റെയും റിയാൻ പരാഗ് (30), ധ്രുവ് ജുറൽ (35*) എന്നിവരുടെ മികച്ച സംഭാവനകളുടെയും സഹായത്തോടെ റോയൽസ് ബോർഡിൽ 173/4 എന്ന സ്കോർ നേടി. മറുപടിയായി, പവർപ്ലേയിൽ ഫിലിപ്പ് സാൾട്ടിന്റെ ആക്രമണ ബാറ്റിംഗ് റോയൽസിനെ തകർത്തു. അതിനിടയിൽ ആണ് രാജസ്ഥാനെ മോശം ഫീൽഡിങ് തകർത്തത്. നാലാം ഓവറിൽ പരാഗ് വിരാടിന്റെ ക്യാച്ച് നഷ്ടപെടുത്തിയപ്പോൾ, ജയ്‌സ്വാൾ സാൾട്ടിന്റെ ക്യാച്ച് കൈവിട്ടു, തുടർന്ന് സന്ദീപ് ശർമ്മയും സാൾട്ടിന്റെ ക്യാച്ച് വിട്ടുകളഞ്ഞു.

അതോടെ ആർസിബിക്ക് അവസരം ആയി. 65 – 0 എന്ന നിലയിൽ പവർ പ്ലേ അവസാനിപ്പിച്ച അവർ പിന്നെ തിരിഞ്ഞ് നോക്കിയില്ല. “നല്ല സ്കോർ ആയിരുന്നു 170 . മന്ദഗതിയിലുള്ള വിക്കറ്റിൽ ടോസ് നഷ്ടപ്പെട്ടതിനുശേഷം, ആദ്യ 10 ഓവറുകൾ വെയിലിന് കീഴിൽ ആദ്യം ബാറ്റ് ചെയ്യുന്നത് പകൽ മത്സരങ്ങളിൽ ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. അവർ ഞങ്ങളെ ശക്തമായി നേരിടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പാസ്റഖേ ഫീൽഡിങ്ങിൽ ഞങ്ങൾക്ക് പിഴച്ചു. അതോടെ പവർപ്ലേയിൽ അവർ കളി ജയിച്ചുവെന്ന് ഞാൻ കരുതുന്നു. ക്യാച്ചിംഗ് മത്സരങ്ങൾ വിജയിപ്പിക്കുന്നു. അവരും ചില ക്യാച്ചുകൾ ഞങ്ങളുടെ ബാറ്റിംഗ് സമയത്ത് നഷ്ടപ്പെടുത്തി എങ്കിലും ഞങ്ങൾ വിട്ടുകളഞ്ഞ ക്യാച്ച് അവരെ സഹായിച്ചു ” മത്സരാനന്തര അവതരണത്തിൽ സാംസൺ പറഞ്ഞു.

അതേസമയം രാജസ്ഥാൻ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. അർദ്ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടും (65) വിരാട് കോഹ്‌ലിയുമാണ് (62*) ബെംഗളൂരുവിന്റെ ജയം അനായാസമാക്കിയത്. ദേവദത്ത് പടിക്കൽ (40*) ഇരുവ‍ർക്കും മികച്ച പിന്തുണ നൽകി.