കെജിഎഫ് കൊടുങ്കാറ്റില്‍ ബോക്‌സോഫീസ്; ശരവേഗത്തില്‍ 400 കോടി പിന്നിട്ടു

ഇന്ത്യന്‍ സിനിമാ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുകയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. ചിത്രം ഇതിനകം 400 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 143 കോടിയ്ക്ക് മുകളില്‍ നേടി കഴിഞ്ഞു. ആദ്യദിനത്തില്‍ 53.95 കോടിയും രണ്ടാം ദിനത്തില്‍ 46.79 കോടിയും മൂന്നാം ദിനത്തില്‍ 42.90 കോടിയും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കളക്റ്റ് ചെയ്തുവെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയന്‍ ട്വീറ്റ് ചെയ്യുന്നത്.

ആദ്യദിനത്തില്‍ തന്നെ ചിത്രം 134.5 കോടി കളക്ഷനാണ് നേടിയത്. ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയേക്കുമെന്നാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്.
ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read more

2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.