ഫഹദ് ചിത്രവുമായി കെജിഎഫ് നിര്‍മ്മാതാക്കള്‍; ധൂമം വരുന്നു

കെജിഫ് സീരിസ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി മലയാളത്തിന്റെ ഫഹദ് ഫാസില്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് ധൂമം എന്നാണ്.

ലൂസിയ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകന്‍ പവന്‍ കുമാറാണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കാന്‍ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ മലയാള നായികാ താരം അപര്‍ണ്ണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരാഗേന്ദുര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

മാരി സെല്‍വരാജ് ഒരുക്കിയ മാമന്നന്‍ എന്ന തമിഴ് ചിത്രം, അഖില്‍ സത്യന്‍ ഒരുക്കുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന മലയാള ചിത്രം, തെലുങ്കില്‍ സുകുമാര്‍ ഒരുക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 എന്നിവയാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പ്രധാന ചിത്രങ്ങള്‍.

Read more

ഇത് കൂടാതെ സുധീഷ് ശങ്കര്‍ ഒരുക്കാന്‍ പോകുന്ന ഹനുമാന്‍ ഗിയറും ഫഹദ് ഫാസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമല്‍ നീരദ് ഒരുക്കാന്‍ പോകുന്ന പുതിയ ചിത്രത്തിലും നായകനായി എത്തുന്നത് ഫഹദ് ഫാസിലാണെന്നു വാര്‍ത്തകള്‍ വരുന്നുണ്ട്.