വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

വഖഫ് ഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍ എംപി. വഖഫ് ബില്‍ അവതരിപ്പിച്ചത് കുട്ടികള്‍ക്കോ വനിതകള്‍ക്കോ വേണ്ടിയല്ലെന്ന് അത് കൊണ്ടുവന്ന സര്‍ക്കാരിനുതന്നെ അറിയാമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

മുസ്ലീം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷം വരുന്ന ജനതയെക്കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ വിഭജനമുണ്ടാക്കാനുള്ള തന്ത്രം ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ രാധാകൃഷ്ണന്‍ എംപിയുടെ പരാമര്‍ശത്തിനെതിരെ സുരേഷ്‌ഗോപി എംപി രംഗത്തുവന്നു. കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായതായി കെ രാധാകൃഷ്ണന്‍ എംപി സഭയില്‍ പറഞ്ഞിരുന്നു.

1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയതെന്നും വിഷയം സുരേഷ്‌ഗോപിയ്ക്ക് അറിയാമെന്നുമായിരുന്നു രാധാകൃഷ്്ണന്റെ പരാമര്‍ശം. ഇതേ തുടര്‍ന്നാണ് സുരേഷ്‌ഗോപി കെ രാധാകൃഷ്ണന് മറുപടിയുമായി രംഗത്തെത്തിയത്. ആവശ്യമില്ലാതെയാണ് തന്റെ പേര് സഭയില്‍ വലിച്ചിഴച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.

Read more

കേരളനിയമസഭയില്‍ ഇവര്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. നാളെ രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകും. നിങ്ങള്‍ അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.