ഏറ്റുമുട്ടാന്‍ കുഞ്ചാക്കോ ബോബന്‍ എത്തും, പൃഥ്വിരാജ് പിന്മാറി! 'ഒറ്റ്' തിരുവോണ ദിനത്തില്‍

തിരുവോണ ദിനം കളര്‍ ആക്കാന്‍ കുഞ്ചാക്കോ ബോബനും. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘ഒറ്റ്’ സിനിമ സെപ്റ്റംബര്‍ 8ന് തിരുവോണ ദിനത്തില്‍ തിയേറ്ററികളിലെത്തും. സെപ്റ്റംബര്‍ 2ന് റിലീസ് ചെയ്യാനിരുന്ന സിനിമ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ട് തീയതി മാറ്റുകയായിരുന്നു. മമ്മൂട്ടിയാണ് ഒറ്റ് സെപ്റ്റംബര്‍ 8ന് തിയേറ്ററുകളില്‍ എത്തുന്ന വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

തമിഴില്‍ ‘രണ്ടകം’ എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ‘പത്തൊമ്പതാം നൂറ്റാണ്ട്’, ‘ഒരു തെക്കന്‍ തല്ലുകേസ്’ എന്നിവയാണ് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തുന്ന മറ്റു ചിത്രങ്ങള്‍.

Read more

പൃഥ്വിരാജ്-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ‘ഗോള്‍ഡ്’ സെപ്റ്റംബര്‍ 8ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് മാറ്റി വച്ചിരിക്കുകയാണ്. റിലീസ് മാറ്റിയ കാര്യം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ ‘ഗോള്‍ഡ്’ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും എന്നാണ് അല്‍ഫോണ്‍സ് അറിയിച്ചിരിക്കുന്നത്.