'തിയേറ്ററില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളുണ്ടെങ്കില്‍ മെസ്സേജ് അയക്കൂ': പ്രേക്ഷകര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍

തിയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അത് തെളിയിക്കുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളുണ്ടെങ്കില്‍ അത് തെളിയിക്കുന്ന തെളിവുകള്‍ പങ്കുവെക്കുക.

കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതായിരിക്കും. വിവരം നല്‍കിയവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും എന്നും നിര്‍മാതാക്കള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Read more

കഴിഞ്ഞ ദിവസമാണ് കുറുപ്പ് നിര്‍മാതാക്കള്‍ 50 ശതമാനത്തില്‍ അധികം ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് എത്തിയത്. തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദര്‍ശനാനുമതി. എന്നാല്‍ ഇതും മറികടന്ന് ചില തിയേറ്ററുകള്‍ കൂടുതല്‍ ആളുകളെ കയറ്റുന്നു. ഇത് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നഷ്ടം ഉണ്ടാക്കും. വിഷയത്തില്‍ ഫിയോക് തിയേറ്റര്‍ ഉടമകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാകണം എന്ന് ഫിയോക്കിന്റെ കത്തില്‍ പറയുന്നു.