'കുതിരച്ചാണകവും ആനപിണ്ടവും നിറഞ്ഞ ഷെഡുകള്‍ സ്റ്റേഷനിലേക്ക് മാറ്റി'; കുറുപ്പിന്റെ അണിയറ കഥകളുമായി വീഡിയോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറുപ്പ് തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ ബിഹൈന്‍ഡ് സീന്‍സുമായി എത്തിയിരിക്കുകയാണ് കുറുപ്പ് ടീം.കുറുപ്പ് സിനിമയുടെ കാലഘട്ടം ഒരുക്കുവാനായി കലാസംവിധായകന്‍ ബംഗ്ലാനും സംഘവും നടത്തിയ ശ്രമങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍, തിരക്കഥാകൃത്തുക്കള്‍, ദുല്‍ഖര്‍, മറ്റ് താരങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

കേരളത്തില്‍ 500ലധികം തീയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിച്ചത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Read more