കുതിച്ച് പാഞ്ഞ് 'പോത്ത്'; തുടര്‍ച്ചയായി രണ്ടാം തവണയും ലിജോ ജോസ് പെല്ലിശ്ശേരിക്ക് രജത ചകോരം

അമ്പതാമത് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. “ജല്ലിക്കെട്ടി”നാണ് അവാര്‍ഡ്. രണ്ടാം തവണയാണ് ലിജോയ്ക്ക് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം “ഇമയൗ”വിന് പുരസ്‌ക്കാരം ലഭിച്ചിരുന്നു.

ബ്ലെയ്സ് ഹാരിസണ്‍ സംവിധാനം ചെയ്ത “പാര്‍ട്ടിക്കിള്‍സി”നാണ് ആണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം ലഭിച്ചത്. “മാരിഗെല്ല” എന്ന ചിത്രത്തിലെ അഭിനയത്തിന് സിയോ ജോര്‍ജ് ആണ് മികച്ച നടനുള്ള സില്‍വര്‍ പീക്കോക്ക് പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

“മയ് ഘട്ട്: ക്രൈം നമ്പര്‍ 103/2005” എന്ന ചിത്രത്തിന് ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. പേമ സെദന്‍ സംവിധാനം ചെയ്ത “ബലൂണി”ന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും അഭിഷേക് ഷാ സംവിധാനം ചെയ്ത “ഹെല്ലാറോ”യ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.