അച്ഛന്റെ ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തെ മരണം വരെ വേട്ടയാടിയിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. കിരീടവും തനിയാവര്‍ത്തനവുമെല്ലാം ലോഹിതദാസിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ശങ്കറിന്റെ വാക്കുകള്‍
അച്ഛന്റെ ചില കഥാപാത്രങ്ങള്‍ അച്ഛനെ മരണം വരെ വേട്ടയാടിയിട്ടുണ്ട്. കിരീടവും തനിയാവര്‍ത്തനവുമെല്ലാം, അച്ഛന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരുന്നു. സേതുമാധവനോട് ചെയ്തത് വല്ലാത്ത ക്രൂരതയായിരുന്നുവെന്ന് അച്ഛന് തോന്നിയിരുന്നു. അയാളുടെ കുടുംബം തകര്‍ത്തു സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരു മനുഷ്യനോട് നമുക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും അതെല്ലാം ചെയ്തു. ആ കുറ്റബോധത്തിലായിരിക്കാം ചെങ്കോലില്‍ ജയിലില്‍ വച്ച് സ്വപ്നത്തില്‍ കീരിക്കാടന്‍ ജോസ് സേതുമാധവനോട് ”” എന്തിന് എന്റെ കുടുംബം തകര്‍ത്തു, എന്റെ മക്കളെ അനാഥരാക്കി”” എന്ന് ചോദിക്കുന്ന രംഗം എഴുതിയത്.
തനിയാവര്‍ത്തത്തിലെ ബാലന്‍ മാഷും അതുപോലെയായിരുന്നു. എനിക്കോര്‍മയുണ്ട്, ഒരിക്കല്‍ ഒരു ഓണത്തിന് ഞങ്ങള്‍ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്, അച്ഛനാണെങ്കില്‍ കുറച്ച് പനങ്കള്ള് സംഘടിപ്പിച്ച് അതൊക്കെ കഴിച്ച് നല്ല മൂഡിലിരിക്കുകയായിരുന്നു. പെട്ടന്ന് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷെ അച്ഛന് ഓര്‍മ വന്നു. ചിത്രത്തില്‍ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട്, ””സ്ഥലം വിറ്റതിന്റെ കാശ് വാങ്ങിക്കാന്‍ ബാലേട്ടന്‍ പോയത് കയ്യില്‍ ഒരു വലിയ ബാഗുമായിട്ടാണ്.”” പതിനായിരം രൂപ വാങ്ങാനാണ് ബാലന്‍ മാഷ് പോകുന്നത്.
Read more
പതിനായിരം എന്ന് പറഞ്ഞാല്‍ നൂറിന്റെ ചെറിയ കെട്ടായിരിക്കുമെന്ന് ഗോപിക്ക് അറിയാം. എന്നാല്‍ ബാലന്‍ മാഷിന് അറിയില്ല. അത്രയ്ക്ക് നിഷ്‌കളങ്കനായിരുന്നു ബാലന്‍ മാഷ്. ””ബാലേട്ടന്‍ എത്ര നിഷ്‌കളങ്കനാണ്””, എന്ന് പറഞ്ഞ് അച്ഛന്‍ കരഞ്ഞു. അച്ഛന് അവരോട് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു.