അറിഞ്ഞോ അറിയാതെയോ മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും അതില്‍ പങ്കുണ്ട്..; 'ഹൃദയപൂര്‍വ്വം' സെറ്റില്‍ നിന്നും മാളവിക

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും ചിത്രങ്ങളുമായി നടി മാളവിക മോഹനന്‍. ഇതുവരെയുള്ള കരിയറിലെ അതിപ്രധാനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം പങ്കുചേരുന്നത് ഏറെ നാളത്തെ സ്വപ്ന സാക്ഷാത്കാരം കൂടിയാണെന്നും മാളവിക വ്യക്തമാക്കി.

”ഇതുവരെയുള്ള കരിയറിന്റെ അതിപ്രധാനമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സത്യന്‍ അന്തിക്കാട്-മോഹന്‍ലാന്‍ കൂട്ടുകെട്ടിനൊപ്പം ഒന്നുചേരാന്‍ സാധിച്ചത് സ്വപ്നസാക്ഷാത്കാരമാണ്. സിനിമയെ കുറിച്ചുള്ള എന്റെ ചിന്താഗതികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇരുവരുടെയും ക്ലാസിക് ചിത്രങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

”ജീവിതത്തിന്റെ രണ്ടറ്റത്തുള്ള അപരിചിതരുടെ മനോഹരമായ കൂടിക്കാഴ്ച കൂടി സാധ്യമാകുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം. ഈ ചിത്രം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന ഓര്‍മകളെ കുറിച്ചും എന്നെ പഠിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” എന്നാണ് മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ചിത്രത്തില്‍ മോഹന്‍ലാല്‍ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് എത്തുക. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമയുടെ കഥ അഖില്‍ സത്യന്റെതാണ്. അനൂപ് സത്യന്‍ ചിത്രത്തില്‍ അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.