വരാനിരിക്കുന്നത് ഒരു നിഗൂഢതയാണ്, കണ്ടിട്ടില്ലാത്ത കൊലപാതക രീതികള്‍; സി.ബി.ഐയുടെ പുതിയ പതിപ്പിനെ കുറിച്ച് എസ്.എന്‍ സ്വാമി

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമാ സീരീസാണ് സേതുരാമയ്യര്‍ സിബിഐ. ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988 -ലും ജാഗ്രത 1989-ലും മൂന്നാം ഭാഗം സേതുരാമയ്യര്‍ സിബിഐ 2004-ലും നേരറിയാന്‍ സിബിഐ 2005-ലുമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ മധുവും എസ് എന്‍ സ്വാമിയും.

എം. പ്ദമകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ നടന്നത്. 2020-ന്റെ തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

“ബാസ്‌ക്കറ്റ് കില്ലിങ്ങി”ലൂടെയാണ് കഥാവികാസം. അതൊരു സസ്പെന്‍സാണ്. നിഗൂഢതയാണ്. ഈ വാക്ക് നിങ്ങളില്‍ പലരും കേട്ടുകാണില്ല. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ത്രെഡ്. അത് എന്താണെന്ന് പ്രേക്ഷകര്‍ക്ക് സിനിമ കണ്ടാല്‍ മനസ്സിലാകും. കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. എസ് എന്‍ സ്വാമി പറയുന്നു.

അഞ്ചാം ഭാഗത്തില്‍ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.