‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ജിയോ ബേബി. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘കാതൽ’ എന്ന പുതിയ സിനിമയുമായി വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം നോക്കികാണുന്നത്.
മമ്മൂട്ടി എന്ന നടന്റെ സമീപകാല സിനിമകളുടെ തിരഞ്ഞെടുപ്പ് ഏതൊരു സിനിമ പ്രേമിക്കും ധൈര്യമായി ടിക്കറ്റ് എടുക്കാനുള്ള മിനിമം ഗ്യാരണ്ടിയാണ് തരുന്നത്. കാതലിലേക്ക് വരുമ്പോൾ ചിത്രത്തിന്റെ ട്രെയിലർ തന്നെ വളരെ വ്യത്യസ്തമായി എന്തൊക്കെയോ ഒളിപ്പിച്ചുവെക്കുന്ന ഒരു ഫീൽ പ്രേക്ഷകന് കിട്ടുന്നുണ്ട്.
ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ഐഎഫ്എഫ്കെയിലേക്കും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. സാധാരണയായി ഫെസ്റ്റിവൽ സ്ക്രീനിങ്ങുകൾ കഴിഞ്ഞതിന് ശേഷമാണ് തിയേറ്റർ റിലീസ് ഉണ്ടാവുന്നത്. എന്നാൽ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കാതൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫിലിം ഫെസ്റ്റിവൽ സ്ക്രീനിങ്ങിന് മുൻപ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മലയാള സിനിമ പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാൻ പോവുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. മമ്മൂട്ടി ഗേ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായയിരുന്നു.
അതുകൊണ്ട് തന്നെ ഫെസ്റ്റിവൽ സ്ക്രീനിങ് ആദ്യം നടന്നാൽ സിനിമയുടെ പ്രമേയം സ്വഭാവികമായും ചർച്ചയാവുകയും സാധാരണ പ്രേക്ഷകർക്ക് ലഭിക്കുന്ന സിനിമാനുഭവം കുറയും എന്ന തോന്നൽ ഉള്ളതുകൊണ്ട് കൂടിയാണ് നവംബർ 23 ന് ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നത്. അന്ന് വൈകുന്നേരം തന്നെയാണ് ഗോവയിൽ ചിത്രത്തിന്റെ ആദ്യ പ്രീമിയർ. ‘പ്രധാന കഥാപാത്രങ്ങൾ കുറച്ച് പ്രത്യേകതയുള്ളതാണ്, ഒരുപക്ഷേ നിങ്ങൾ അതറിഞ്ഞ് കാണും. അത് ഞാൻ നിഷേധിക്കുന്നില്ല’ എന്നാണ് മമ്മൂട്ടി സിനിമയെ കുറിച്ച് പറഞ്ഞത്.
Read more
ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.