ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും തെലുങ്കിലേക്ക്; 300 കോടി ബജറ്റ് ചിത്രത്തില്‍ പ്രഭാസിന്റെ അച്ഛനാകാന്‍ മമ്മൂട്ടി?

തെലുങ്കില്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി മമ്മൂട്ടി. തിയേറ്ററില്‍ വന്‍ ദുരന്തമായി മാറിയ ‘ഏജന്റ്’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും താരം തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പ്രഭാസിന്റെ 300 കോടി ചിത്രത്തില്‍, നടന്റെ പിതാവായി മമ്മൂട്ടി എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

‘അനിമല്‍’ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ‘സ്പരിറ്റ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ‘യാത്ര’, ‘യാത്ര 2’, ‘ഏജന്റ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാകും സ്പരിറ്റ്.

സ്പിരിറ്റില്‍ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായാണ് ഡോണ്‍ ലീയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

കൂടാതെ കൊറിയന്‍ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ‘ബസൂക്ക’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഡിനോ ഡെന്നീസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Read more