സെക്കന്‍ഡ് ഷോ ആരംഭിക്കാതെ റിലീസ് ചെയ്യില്ലെന്ന്‌ നിര്‍മ്മാതാക്കള്‍; 'മരട് 357'ന്റെ റിലീസ് പിന്‍വലിച്ചു

“ദ പ്രീസ്റ്റി”ന് പിന്നാലെ കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റി വെയ്ക്കുന്നു. സെക്കന്‍ഡ് ഷോ തുടങ്ങാതെ “മരട് 357” സിനിമ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ് അബ്രഹാം മാത്യു. തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് തേടി ഫിലിം ചേംബര്‍ സര്‍ക്കാരിന് കത്ത് നല്‍കി.

സമയനിയന്ത്രണത്തില്‍ പ്രദര്‍ശനം നടത്തുമ്പോഴുള്ള വലിയ നഷ്ടമാണ് നിര്‍മ്മാതാക്കളെ സിനിമ റിലീസ് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ജോലി ചെയ്യുന്നവരും കുടുംബ പ്രേക്ഷകരും ഏറെയെത്തുന്ന സെക്കന്‍ഡ് ഷോ തുടങ്ങാതെ മരട് 357 റിലീസ് ചെയ്യില്ല എന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയത്.

ഫെബ്രുവരി 19ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ ഒരുക്കിയ വര്‍ത്തമാനം ചിത്രത്തിന്റെ റിലീസിനെ കുറിച്ചും പുനരാലോചനയിലാണ്. മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസും മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഫെബ്രുവരി 12ന് റിലീസ് ചെയ്യാനിരിക്കുന്ന ഓപ്പറേഷന്‍ ജാവ, യുവം എന്നീ ചിത്രങ്ങള്‍ അന്ന് തന്നെ തിയേറ്ററുകളിലെത്തും. 50 ശതമാനം കാണികളുമായി രാവിലെ 9 മുതല്‍ രാത്രി 9 വരെ നിലവില്‍ 3 ഷോകളാണ് നിലവില്‍ തിയേറ്ററുകളില്‍ നടക്കുന്നത്.