വയലന്‍സിന്റെ അതിപ്രസരം, എങ്കിലും സൂപ്പര്‍ ഹിറ്റ്; കൊറിയന്‍ റിലീസിന് മുന്നേ 'മാര്‍ക്കോ' ഒ.ടി.ടിയില്‍, റിലീസ് തിയതി പുറത്ത്

ഇന്ത്യയൊട്ടാകെ തരംഗമായ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഇനി ഒ.ടി.ടിയിലേക്ക്. 115 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസബംര്‍ 20ന് ആയിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത്. പിന്നാലെ മറ്റ് ഭാഷകളിലും സിനിമ എത്തിയിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കന്നഡയിലും സിനിമ എത്തിക്കഴിഞ്ഞു.

ഇതോടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്യും. റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സോണി സ്വന്തമാക്കിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ സെന്‍സേഷനല്‍ ഹിറ്റുകളില്‍ ഒന്നാണ്.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ മാര്‍ക്കോയ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ട് കൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്.

ഉണ്ണിയുടേയും ജഗദീഷിന്റെയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണ്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. സിദ്ദിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും സിനിമ നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.