പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന് 24ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയമാണെന്നും പിണറായി സർക്കാരിന്റെ നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നും ആരോപണമുണ്ട്. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം.
പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്നാണ് പ്രധാന വിമർശനം. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.
കേരളത്തെ പ്രതിനിധീകരിച്ച് കെകെ രാഗേഷ് അവലോകന റിപ്പോര്‍ട്ടില്‍ സംസാരിച്ചു. കേരളത്തിലെ ഭരണം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജാര്‍ഖണ്ഡ് പ്രതിനിധികളും പറഞ്ഞു. തുടര്‍ച്ചയായി ഭരണം കിട്ടിയത് കേരളത്തിലെ പാര്‍ട്ടിയുടെ വിജയമാണെന്നും ജാര്‍ഖണ്ഡ് പ്രതിനിധികള്‍ ചൂണ്ടികാട്ടി. കൂടുതല്‍ സ്ത്രീ പങ്കാളിത്തം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. തെലുങ്കാനയില്‍ ഇടത് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി ശ്രമിക്കുന്നുവെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.