'മാമന്നനെ' കണ്ടെത്തിയത് ഇങ്ങനെ..; വടിവേലുവിന്റെ വീഡിയോയുമായി മാരി സെല്‍വരാജ്

തികച്ചും വ്യത്യസ്തനായൊരു വടിവേലുവിനെയാണ് ‘മാമന്നന്‍’ ചിത്രത്തില്‍ കണ്ടത്. തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയ വടിവേലു മാമന്നന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ഏവരെയും അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് കണിച്ചു തന്നത്. ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ ഏറെ കൈയ്യടി നേടിയതും വടിവേലുവാണ്.

ജാതി രാഷ്ട്രീയവും അടിച്ചമര്‍ത്തലും പ്രമേയമാക്കിയ സിനിമയില്‍ വടിവേലുവിനെ കാസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മാരി സെല്‍വരാജ് ഇപ്പോള്‍. ഉദയനിധി സ്റ്റാലിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ വടിവേലു ഒരു ഗാനം ആലപിക്കുന്ന ഒരു സീനുണ്ട് മാമന്നനില്‍.

മാമന്നനെ കണ്ടെത്തിയത് ആ നിമിഷത്തിലാണ് എന്നാണ് മാരി പറയുന്നത്. വടിവേലു ഒരു ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും മാരി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ജൂണ്‍ 29നാണ് മാമന്നന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ഫഹദ് ഫാസിലിന്റെ പ്രകടനമാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ മഹത്വവത്കരിക്കുന്ന രീതിയിലുളള ചര്‍ച്ചകളും ചൂടുപിടിച്ചിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രകഥാപാത്രമായ മാമന്നനെ കണ്ടെത്തിയ നിമിഷത്തെ കുറിച്ച് മാരി സെല്‍വരാജ് പങ്കുവച്ചിരിക്കുന്നത്.

Read more