കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചതിന് പിന്നാലെ വിവാദ അഭിമുഖത്തില്‍ രഞ്ജിത്തിനോട് വിശദീകരണം തേടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഡോ. ബിജു തന്റെ റെലവന്‍സ് നോക്കി സിനിമ ചെയ്യണം എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനെ കുറിച്ച് നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്.
ഡോ ബിജു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ടതാണ്. പിന്നെ അതില്‍ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് സംവിധായകന്‍ ഡോ. ബിജു രാജി വച്ചത്.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്റെ വിശദീകരണം. കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഡോ. ബിജു രാജി വച്ചത്. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ സംവിധായകന്‍ കാരണമായി വിശദീകരിക്കുന്നത്.
Read more
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തില്‍ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു. ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ താങ്കള്‍ക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നായിരുന്നു കത്തില്‍ രഞ്ജിത്തിനോട് ബിജു പറഞ്ഞത്.