2022ല്‍ ഒരുപാട് ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ മൂന്ന് മോഹന്‍ലാല്‍ സിനിമകളും ഫ്‌ളോപ്പ് ആയപ്പോള്‍ 2023ല്‍ പുതിയൊരു തുടക്കം ഉണ്ടാകും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഒ.ടി.ടി റിലീസിന് തയാറെടുത്തിരുന്ന ‘എലോണ്‍’ കൊണ്ടുവന്ന് തിയേറ്ററില്‍ ഇറക്കാന്‍ ഷാജി കൈലാസ് മാസ് കാണിച്ചപ്പോള്‍ പ്രേക്ഷകരും വിശ്വസിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയി മാറിയിരിക്കുകയാണ് എലോണ്‍.
75 ലക്ഷം രൂപ മാത്രമേ സിനിമയ്ക്ക് നേടാനായിട്ടുള്ളു. ആഗോളതലത്തില്‍ ഒരു കോടി രൂപ പോലും കടക്കാതെ എലോണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്. 2023ന്റെ തുടക്കത്തില്‍ ശുഭ പ്രതീക്ഷകളുമായി എത്തിയ താരത്തിന് മാത്രമല്ല ആരാധകര്‍ക്കും ഇത് തിരിച്ചടിയാണ്. ബോക്സോഫീസ് കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബോക്സോഫീസ് നമ്പറുകള്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറങ്ങള്‍ അനുസരിച്ച്, 75 ലക്ഷം രൂപയില്‍ താഴെ മാത്രമേ എലോണിന് കളക്ഷന്‍ ലഭിച്ചിട്ടുള്ളൂ.
കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹന്‍ലാലിന്റെ ശരാശരി പ്രകടനത്തെ കുറിച്ചാണ് സിനിമാപ്രേമികളും ആരാധകരും അടക്കം അഭിപ്രായങ്ങള്‍ പറയുന്നത്. പാന്‍ഡമിക് ലോക്ഡൗണ്‍ കാരണം ഒരു അപ്പാര്‍ട്ട്മെന്റില്‍ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ. സിനിമ തിയേറ്ററുകളില്‍ എത്തിയത് പോലും ആളും ആരവവുമില്ലാതെ ആയിരുന്നു. ജനുവരി 26ന് ആണ് സിനിമ റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് ഷാജി കൈലാസ് തന്നെ ഒരു ഇന്റര്‍വ്യൂവില്‍ സിനിമയില്‍ ലാഗ് ഉണ്ടാവാമെന്ന് തുറന്നു പറഞ്ഞിരുന്നു. ഒരുപാട് ആളുകള്‍ അഭിനയിക്കുന്ന സിനിമകള്‍ വരെ ലാഗ് അടിപ്പിക്കുന്ന കാലത്ത് ഒരാള്‍ മാത്രം അഭിനയിക്കുന്ന സിനിമ എത്ര മാത്രം എന്റര്‍ടൈന്‍മെന്റ് ആകുമെന്ന പേടിയും കൂടി ആയതോടെ പിന്നീട് വലിയ പ്രേമോഷനോ ആരാധാകരുടെ ആഘോഷങ്ങളോ ഉണ്ടായിട്ടില്ല.
ഒരല്‍പം ദുരൂഹത നിലനിര്‍ത്തി കഥ പറഞ്ഞ് പോകുന്ന രീതിയിലാണ് എലോണ്‍ ഒരുക്കിയത്. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് അത് വരെ കൊണ്ട് വന്ന മൂഡിനോട് ഒട്ടും ചേര്‍ന്ന് നില്‍ക്കാത്ത ഒന്നായിരുന്നു. ഇടക്ക് ഇടക്ക് ഉള്ള ഞെട്ടലും ക്ലൈമാക്‌സിലെ ചിരിയും മാറ്റി നിര്‍ത്തിയാല്‍ നമുക്ക് പരിചയമുള്ള മോഹന്‍ലാല്‍ എന്ന നടനെ സിനിമയില്‍ കാണാനാവില്ല. കോവിഡ് പീക്ക് ലെവലില്‍ നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമായും ലോക്ഡൗണ്‍ ഉള്ള സമയത്ത് ഒരു ഫ്‌ളാറ്റില്‍ ഒരാളെ മാത്രം വച്ച് എടുത്ത സിനിമയാണ് എലോണ്‍.
Read more
അത് ഒ.ടി.ടിയില്‍ ആണെങ്കിലും ആ കാലഘട്ടത്തില്‍ തന്നെ ഇറക്കേണ്ടിയിരുന്ന സിനിമ ആയിരുന്നു. അത് കാലം തെറ്റി മൂന്ന് വര്‍ഷം കഴിഞ്ഞാണ് കഴിഞ്ഞാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ രണ്ട് ദിവസങ്ങളില്‍ തിയേറ്ററില്‍ ചുരുക്കം ചില പ്രേക്ഷകര്‍ എത്തിയെങ്കിലും മൂന്നാമത്തെ ദിവസം മുതല്‍ സിനിമയ്ക്ക് ആളില്ലാതായിരുന്നു. അതുകൊണ്ട് തന്നെ എലോണിന് തൊട്ട് മുമ്പുള്ള ദിവസം, അതായത് ജനുവരി 25ന് റിലീസ് ചെയ്ത ഷാരൂഖ് ചിത്രം പഠാന്‍ ബോക്‌സോഫീസ് കീഴടക്കുകയും ചെയ്തു.