പോരുന്നോ എന്റെ കൂടെ..? ആരാധികയോട് മോഹന്‍ലാല്‍, സ്‌നേഹം പ്രകടിപ്പിച്ച് അമ്മൂമ്മ, വീഡിയോ വൈറല്‍

മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ ആരംഭിച്ചിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത്് ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളില്‍ മോഹന്‍ലാലും ശോഭനയും രഞ്ജിത്തും ചിപ്പിയുമടക്കം താരങ്ങളും സംവിധായകനും എത്തിയിരുന്നു.

പൂജ കഴിഞ്ഞ് മടങ്ങവെ തന്റെ ആരാധികയോട് സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടക്കുന്ന മോഹന്‍ലാലിന്റെ അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയായിരുന്നു.

ആദ്യമായി താരത്തെ കാണുന്നതിനാല്‍ ഇത് മോഹന്‍ലാലാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാണ് ഈ അമ്മ താരത്തിനടുത്ത് എത്തുന്നത്. താരത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ കൈപ്പിടിച്ചും തൊട്ടും തലോടിയും സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട്.

‘വരുന്നോ എന്റെ കൂടെ?’ എന്നാണ് സ്‌നേഹത്തോടെ മോഹന്‍ലാല്‍ ചോദിക്കുന്നത്. ‘ഇല്ല’ എന്നാണ് അമ്മയുടെ ഉടനടിയുള്ള മറുപടി, തുടര്‍ന്ന് ‘വന്നേക്കാട്ടോ’ എന്ന് തിരുത്തുന്നുമുണ്ട്. പ്രിയ താരത്തോടുള്ള സ്‌നേഹത്തെ കുറിച്ച് ഈ അമ്മൂമ്മ യൂട്യൂബ് ചാനലുകളോട് സംസാരിക്കുന്നുമുണ്ട്.

‘ഞങ്ങള്‍ മോഹന്‍ലാലിന്റെ പടം മാത്രമേ കാണാറുള്ളൂ’ എന്നാണ് ഇവര്‍ പറയുന്നത്. എല്ലാ സിനിമയും കാണുമെന്നും പറയുന്നുണ്ട്. അതേസമയം, മോഹന്‍ലാലിന്റെ 360-ാം ചിത്രത്തില്‍ ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തിലാണ് മോഹന്‍ലാല്‍ എത്തുക.

Read more