മുരുഗദോസ് ചിത്രത്തില്‍ തലൈവര്‍ നായകന്‍; നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും

കാല, 2.0, പേട്ട എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ രജനികാന്ത് എര്‍.ആര്‍.മുരുഗദോസ് ചിത്രത്തില്‍ നായനാകുന്നു. വിജയ് നായകനായെത്തിയ “സര്‍ക്കാറി”ന് ശേഷം മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ് രജനി നായകനാകുന്നത്. ചിത്രത്തില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചന്ദ്രമുഖി, ശിവാജി, കുസേലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ രജനിയ്‌ക്കൊപ്പം നയന്‍സും എത്തിയിരുന്നു. കീര്‍ത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. അതോടൊപ്പം ആദ്യമായാണ് തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നയന്‍സും കീര്‍ത്തിയും ഒന്നിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Read more

ചിത്രത്തില്‍ രജനീകാന്ത് ഡബിള്‍ റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായാണ് രജനീകാന്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം രാഷ്ട്രീയലക്ഷ്യത്തോടെ ഉള്ളതാകില്ലെന്നും മറിച്ച് ഒരു പക്കാ എന്റര്‍ടെയിനര്‍ ആകുമെന്നുമാണ് സംവിധായകന്‍ എ.ആര്‍.മുരുഗദോസ് അവകാശപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളെയും ചിത്രം രസിപ്പിക്കുമെന്നും സംവിധായകന്‍ പറയുന്നു.