മലയാള ചലച്ചിത്രം കസബയെയും നടൻ മമ്മൂട്ടിയെയും രൂക്ഷമായി വിമർശിച്ച നടി പാർവതി മറുപടി അർഹിക്കുന്നില്ലെന്ന് സംവിധായകൻ നിഥിൻ രൺജി പണിക്കർ. പാർവതിയെ പോലൊരു ആളോട് പ്രതികരിക്കാൻ താല്പര്യമില്ലെന്നും നിഥിൻ പറഞ്ഞു. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നിഥിൻ രൺജി പണിക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിൽ നിഥിൻ പറഞ്ഞതിങ്ങനെ;- “ഒരു വർഷം മുൻപ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വൻമരം പിടിച്ചുകുലുക്കി കൂടുതൽ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകൾക്ക് അറിയാം. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാനില്ല. പ്രതികരണം അർഹിക്കുന്ന നിലവാരം നടിയുടെ പരാമർശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അർഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.” തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ഓപ്പൺ ഫോറത്തിലായിരുന്നു പാർവതി ചിത്രത്തിനെതിരേയും മെഗാ താരത്തിനെതിരേയും രൂക്ഷമായ അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്.
Read more
ഇതോടെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും പാർവതിക്കെതിരേ കടുത്ത വിമർശനം ഉയർന്നിരുന്നു. ആദ്യം സിനിമയുടെ പേരെടുത്തു പറയാതെയും, പിന്നീട് നടി ഗീതു മോഹൻദാസിന്റെ നിർദ്ദേശപ്രകാരം പേരെടുത്തു പറഞ്ഞുമായിരുന്നു താരത്തിന്റെ വിമർശനം. വിമർശനം ശക്തമായതോടെ പാർവതി ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും വിമർശനമുയർത്തിയിരുന്നു.