എല്ലാ തടസങ്ങളും മാറി, 'തുറമുഖം' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

”എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു. മാര്‍ച്ച് 10 മുതല്‍ മാജിക് ഫ്രെയിംസ് തിയേറ്ററുകളില്‍ എത്തിക്കുന്നു” എന്നാണ് ലിസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 2021ല്‍ മെയ്യില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയാണ് തുറമുഖം. എന്നാല്‍ കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് നീട്ടി.

പിന്നീട് മൂന്നോ നാലോ തവണ പുതിയ തിയതികള്‍ പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more

ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. രാജീവ് രവി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍.