'അദ്ദേഹത്തിനൊപ്പം ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു'; ഒട്ടും പ്രതീക്ഷിച്ചില്ല, എല്ലാം പെട്ടെന്നായിരുന്നു; ഷാഫിയുടെ വിയോഗത്തിൽ നടൻ ഇന്ദ്രൻസ്

ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ ഷാഫിയുടെ മരണത്തിൽ അനുശോചിച്ച് നടൻ ഇന്ദ്രൻസ്. അദ്ദേഹത്തിനൊപ്പം ഇനിയും സിനിമകൾ ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. തുടക്കകാലം മുതൽ ഏറെ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ഷാഫിയുടെ വിയോഗം വളരെ പെട്ടെന്നായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു.

ഇന്ദ്രൻസിന്റെ വാക്കുകൾ

‘ഒട്ടും പ്രതീക്ഷിച്ചില്ല. തുടക്കം മുതൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അന്നുമുതൽ നിരന്തരം വിളിക്കുകയും സഹകരിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഇനിയും വർക്ക് ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, പെട്ടെന്ന് പോയി. ഏറെ വേദനയുണ്ട്,’ എന്ന് ഇന്ദ്രൻസ് പറഞ്ഞു

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു സംവിധായകൻ ഷാഫിയുടെ അന്ത്യം. ഷാഫിയുടെ മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും.

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു.

ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം.എച്ച് എന്നാണ് യഥാർത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.