രേഖാചിത്രത്തെ പിന്തള്ളി ‘ഓഫീസർ ഓൺ ഡ്യൂട്ടി’, കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ; ബോക്സ് ഓഫീസിൽ ഒന്നാമത് !

കളക്ഷനിൽ വൻ കുതിപ്പുമായി ‘ഓഫീസർ ഓൺ ഡ്യൂട്ടി’. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 50 കോടി ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയതായാണ് റിപോർട്ടുകൾ. 27 കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയതെന്നാണ് റിപ്പോർട്ടുകൾ .

ഇതോടെ ഈ വർഷം കേരള ബോക്സ് ഓഫീസിൽ നിന്ന് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ചിത്രമായും ഓഫീസർ ഓൺ ഡ്യൂട്ടി മാറി. ആസിഫ് അലി നായകനായെത്തിയ രേഖാചിത്രത്തിനെ മറികടന്നുവെന്നുള്ള റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. 26.85 കോടിയാണ് രേഖാചിത്രം നേടിയത്. 8.5 കോടി മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത രേഖാചിത്രം 75 കോടിയിലേറെ ആഗോള തലത്തില്‍ നിന്നും കളക്ട് ചെയ്തിട്ടുണ്ട്.

ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുങ്ങിയ സിനിമയിൽ കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ന്നാ താൻ കേസ് കൊട് എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അതിഗംഭീര തിരിച്ചുവരവാണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്നും കുഞ്ചാക്കോയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള പെർഫോമൻസാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് എന്നുമൊക്കെയാണ് പ്രതികരണങ്ങൾ.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ജീത്തു അഷ്റഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഓഫീസർ ഓൺ ഡ്യൂട്ടി.