ഇതല്ല ഇതിലും വലുത് ചാടിക്കടന്നവനാണീ കെ.കെ ജോസഫ്… മൂന്ന് തവണ കാന്‍സര്‍ പിടിമുറുക്കിയപ്പോഴും ഓരോ തവണയും രോഗത്തിന്റെ തീവ്രതയെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്നസെന്റ് പ്രചോദനമായിരുന്നു. പേര് പോലെ തന്നെ ഒരു മനുഷ്യന്‍, അതായിരുന്നു ഇന്നസെന്റ്. മലയാള സിനിമയുടെയും മലയാളികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട താരം ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്.
സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച്, അമ്പതില്‍ പരം വര്‍ഷങ്ങളാണ് ഇന്നസെന്റ് മലയാള സിനിമയെ തന്റെ സ്വതസിദ്ധമായ ഹാസ്യം കൊണ്ട് സമ്പന്നമാക്കിയത്. സിനിമയിലെത്തി ആദ്യ കാലങ്ങളില്‍ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പിന്നീട് വെള്ളിത്തിരയില്‍ ഹാസ്യ നടനായും സഹനടനായും വില്ലനായുമൊക്കെ അദ്ദേഹം നിറഞ്ഞാടി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 750ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ശൈലിയിലുള്ള സംസാരവും അനായാസ അഭിനയമികവും ഇന്നസെന്റിന്റെ മാത്രം സവിശേഷതകളായിരുന്നു. കാലങ്ങളായുള്ള മലയാള സിനിമയിലെ വില്ലന്റെ ക്ലീഷേ രീതികളെ അപ്പാടെ മാറ്റിമറിച്ചവയായിരുന്നു ഇന്നസെന്റിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍.
1972ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’ എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പ്രേം നസീര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയില്‍പത്രപ്രവര്‍ത്തകനായാണ് അദ്ദേഹം വേഷമിട്ടത്. ‘ഇളക്കങ്ങള്‍’ എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷത്തിലൂടെ ഇന്നസെന്റ് നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ചെറിയ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറില്‍ സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ് വഴിത്തിരിവായത്. കാബൂളിവാലയിലെ കന്നാസും കടലാസും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഡോക്ടര്‍ പശുപതി, ഇഞ്ചക്കാടന്‍ മത്തായി, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീകിംഗ് എന്നീ സിനിമകളില്‍ ഇന്നസെന്റ് ടൈറ്റില്‍ റോളുകളിലാണ് അഭിനയിച്ചത്.
മഴവില്‍ക്കാവടി എന്ന സിനിമയിലൂടെ 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിട പറയും മുന്‍പേ എന്ന സിനിമയിലൂടെ മികച്ച നിര്‍മാതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1982ല്‍ ഓര്‍മയ്ക്കായ് എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2009ല്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരത്തിന് അര്‍ഹനായി. നടനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയതെങ്കിലും സിനിമയുടെ പിന്നണിയിലും ഇന്നസെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും, പിന്നണി ഗായകനായും സിനിമയില്‍ നിറഞ്ഞു നിന്നു.
ഇന്ന് ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭരിക്കുന്ന ‘കുണുക്കു പെണ്മണിയെ’ എന്ന ഗാനം മിസ്റ്റര്‍ ബട്‌ലര്‍ എന്ന സിനിമയില്‍ ഇന്നസെന്റ് ആലപിച്ചതാണ്. ഗജകേസരിയോഗം എന്ന ചിത്രത്തിലെ ‘ആനച്ചന്തം ഗണപതി മേളച്ചന്തം’, സാന്ദ്രം എന്ന ചിത്രത്തിലെ ‘കണ്ടല്ലോ പൊന്‍കുരിശുള്ളോരു’, ഡോക്ട്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തിലെ സുന്ദര കേരളം നമ്മള്‍ക്ക്’, സുനാമി എന്ന ചിത്രത്തിലെ ‘സമാഗരിസ’ എന്നീ ഗാനങ്ങള്‍ ഇന്നസെന്റ് ആലപിച്ചതാണ്. 1981ല്‍ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ‘ശത്രു കംബൈന്‍സ്’ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനി തുടങ്ങിയിരുന്നു. വിട പറയും മുന്‍പേ, ഇളക്കങ്ങള്‍, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ഒരു കഥ നുണക്കഥ എന്നിവ ഇന്നസെന്റ് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് നിര്‍മ്മിച്ച സിനിമകളാണ്. ഇതുകൂടാതെ, പാവം ഐഎ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
1948 ഫെബ്രുവരി 28ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത് മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായാണ് ഇന്നസന്റിന്റെ ജനനം. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷനല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത അദ്ദേഹം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശേഷം കുറച്ചു കാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ,വോളിബോള്‍ കോച്ച്, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന്‍ തുകല്‍ കച്ചവടക്കാരന്‍ എന്നിങ്ങനെ പല പല ജോലികള്‍ ചെയ്തു. ഇതിനിടെ ചില നാടകങ്ങളിലും അഭിനയിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ചാലക്കുടിയില്‍ നിന്ന് അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. അങ്ങനെ കൗണ്‍സിലര്‍ പദവി മുതല്‍ പാര്‍ലമെന്റ് അംഗമെന്ന പദവി വരെ ഇന്നസെന്റ് വഹിച്ചിട്ടുണ്ട്. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 18 വര്‍ഷമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കാന്‍സര്‍ പിടിമുറുക്കിയ 2020ല്‍ ഒഴികെ എല്ലാ വര്‍ഷവും അദ്ദേഹം സിനിമകളില്‍ സജീവമായിരുന്നു. മഹാനടന്റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്‍ പറഞ്ഞ വാക്കുകളേ പറയാനുള്ളൂ, ‘തനിക്ക് മരണമില്ലെടോ കോന്തന്‍ വാര്യരെ’. ഇന്നും സിനിമാസ്വാദകരുടെ മനസില്‍ ഇന്നസെന്റ് ജീവിക്കുന്നു….