മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നു, റീ എഡിറ്റിന് ശേഷവും ദേശവിരുദ്ധത..; 'എമ്പുരാനോ'ട് എതിര്‍പ്പ് തുടര്‍ന്ന് ഓര്‍ഗനൈസര്‍

‘എമ്പുരാന്‍’ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളില്‍ എത്തുമ്പോഴും സിനിമയ്‌ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നുമാണ് ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നത്.

കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജക സിനിമകളുടെയും പിടിയിലാണ്. അതിന് സഹായകരമാകുന്ന രീതിയിലുള്ള പ്രമേയമാണ് എമ്പുരാനിലുള്ളത് എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ദേശവിരുദ്ധതയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്. മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നു.

രാജ്യത്തെ ഭരണകൂടത്തെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ലേഖനത്തില്‍ പറയുന്നു. സിനിമ റീ എഡിറ്റ് ചെയ്‌തെങ്കിലും ആര്‍എസ്എസ് മുഖപത്രം വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ലേഖനം. എമ്പുരാനോടുള്ള എതിര്‍പ്പ് തുടരുന്നുവെന്ന് കൂടി ലേഖനം വ്യക്തമാക്കുന്നു.

അതേസമയം, സിനിമ വിവാദങ്ങളില്‍ പെട്ടതോടെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും സിനിമ റീ എഡിറ്റ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി ഷെയര്‍ ചെയ്തിരുന്നില്ല.

മാത്രമല്ല, രാഷ്ട്രീയ വിവാദങ്ങളോട് മുരളി ഗോപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഇതോടെ റീ എഡിറ്റില്‍ മുരളിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ മുരളി ഗോപിക്ക് റീ എഡിറ്റ് ചെയ്യുന്നതില്‍ പ്രശ്‌നം ഉണ്ടാകില്ല എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read more