ഇസ്രായേല്‍ സൈന്യം ആക്രമിച്ച് തട്ടിക്കൊണ്ടുപോയി; ഓസ്‌കര്‍ ജേതാവായ സംവിധായകനെ കാണാനില്ല

ഓസ്‌കര്‍ ജേതാവായ പലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ആക്രമിച്ച് അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ സൈന്യം. കുടിയേറ്റക്കാരെ ആക്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. ഓസ്‌കര്‍ നേടിയ ‘നോ അദര്‍ ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയുടെ സഹസംവിധായകനാണ് ഹംദാന്‍ ബല്ലാല്‍. തിങ്കളാഴ്ച തെക്കന്‍ വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തില്‍ വച്ചാണ് ഹംദാനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തത്.

സഹസംവിധായകന്‍ യുവാല്‍ എബ്രഹാം സംഭവത്തെ കുറിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു, തലയിലും വയറ്റിലും പരിക്കേറ്റു, രക്തസ്രാവമുണ്ടായിരുന്നു. അദ്ദേഹം വിളിച്ച ആംബുലന്‍സില്‍ പട്ടാളക്കാര്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ കൊണ്ടുപോയി. അതിന് ശേഷം അദ്ദേഹത്തിന്റെ ഒരു സൂചനയും ലഭിച്ചില്ല എന്നാണ് യുവാലിന്റെ പോസ്റ്റ്.

അതേസമയം, ഇസ്രായേല്‍-പലസ്തീന്‍ സംയുക്ത സംരംഭമായി ഒരുക്കിയ ‘നോ അദര്‍ ലാന്‍ഡ്’. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പലസ്തീനികളുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. നാല് ആക്ടിവിസ്റ്റുകളുടെ ഫലസ്തീന്‍-ഇസ്രായേലി കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. പലസ്തീന്‍-നോര്‍വേ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more