കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഒറ്റ്’ ഓണക്കാലം ആലോഷപൂര്‍വ്വമാക്കുവാനായി സെപ്റ്റംബര്‍ രണ്ടാം തീയതി പ്രദര്‍ശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കോടെയും വ്യത്യസ്ത ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ പ്രദര്‍ശന വിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തീവണ്ടിക്കുശേഷം ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പൂനെ, മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
പ്രദര്‍ശനശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയില്‍ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്. സഞ്ജീവിന്റേതാണു തിരക്കഥ.
ഏ.ആര്‍.റഹ്‌മാന്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുണ്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, കോസ്റ്റ്യം ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനിത് ശങ്കര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – മിഥുന്‍ ഏബ്രഹാം.