സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ ജൂലൈ 29നാണ് തീയേറ്ററുകളിലെത്തിയത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ കോവിഡിന് ശേഷം പതിയെ കരകയറുന്ന മലയാള സിനിമാ വ്യവസായത്തിന് വലിയതോതിലുള്ള ആശ്വാസമാണ് പാപ്പന്‍ നല്‍കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് ഈ സുരേഷ് ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്.
‘സലാം കാശ്മീരി’ന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ എത്തിയ പാപ്പന്‍ മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍.
Read more
ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തി. ചിത്രത്തിലെ നീത പിള്ളയുടെ വിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.