നിവിന് എതിരായ ആരോപണം വ്യാജം? നിര്‍ണായക തെളിവുമായി നടി പാര്‍വതി കൃഷ്ണയും

നിവിന്‍ പോളിക്ക് എതിരെ എത്തിയ പീഡനാരോപണം വ്യാജമോ? സെപ്റ്റംബര്‍ 3ന് ആണ് നിവിന്‍ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് എത്തിയത്. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും നിവിന്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ അടക്കം നിരവധി പേരാണ് നിവിന്‍ പോളിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.

നിവിനെ പിന്തുണച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലും തെളിവുകളും പുറത്തുവിട്ടിരിക്കുകയാണ് നടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇപ്പോള്‍. ദുബായിലെ ഹോട്ടലില്‍ വച്ച് നിവിന്‍ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഡിസംബര്‍ 14ന് നിവിന്‍ പോളി വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്നുവെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ അവകാശപ്പെടുന്നത്.

ഇപ്പോഴിതാ, നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ഒരു ചെറിയ സീനില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ആ രംഗത്തിന്റെ ദൃശങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് പാര്‍വതിയുടെ വീഡിയോ.

നിവിന്റെ അടുത്ത സുഹൃത്ത് കൂടിയായ വിനീത് ശ്രീനിവാസന്‍ ആണ് ആദ്യം തന്നെ നടനെ പിന്തുണച്ച് രംഗത്തെത്തിയത്. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നു എന്നാണ് വിനീതിന്റെ വെളിപ്പെടുത്തല്‍. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് വ്യക്തമാക്കി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശേഷം നിവിന് ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതും കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് പറഞ്ഞത്.

ഇതിന് പിന്നാലെ ഡിസംബര്‍ 14ന് ഷൂട്ടിംഗില്‍ നിവിന്‍ പോളി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് നടന്‍ ഭഗത് മാനുവലും രംഗത്തെത്തിയിരുന്നു. വിനീതിനും നിവിന്‍ പോളിക്ക് ഒപ്പം താനും ഇതേ ദിവസം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കി ഭഗത് മാനുവല്‍ അന്ന് പകര്‍ത്തിയ ചിത്രത്തിന്റെ ഡിസ്‌ക്രിപ്ഷന്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോയുടെ വിവരങ്ങളില്‍ ഡിസംബര്‍ 14ന് ആണ് ഇത് പകര്‍ത്തിയത് എന്ന് വ്യക്തമാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി നിവിന്‍ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബര്‍ 1, 2, 3, 14 എന്നീ 4 ദിവസങ്ങളിലാണ്. നിവിന്‍ പോളി ഒപ്പിട്ട കരാര്‍ തന്റെ കയ്യിലുണ്ടെന്നും വിശാഖ് വ്യക്തമാക്കി. മൂന്നാറിലാണ് 1,2,3 തീയതികളില്‍ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഡിസംബര്‍ 14ന് രാവിലെ 7.30 മുതല്‍ 15 പുലര്‍ച്ചെ 2.30 വരെ നിവിന്‍ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ മുതിര്‍ന്ന നടിമാര്‍ വരെയാണ് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തുന്നത്. ഇതിനിടെ ഒരു വ്യാജ പരാതി എത്തുകയാണെങ്കില്‍ സത്യം തുറന്നു പറയുന്ന അതിജീവിതമാര്‍ക്ക് അതൊരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കാം. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പലരും പൊലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നു എന്നും പലര്‍ക്കുമെതിരെ ആരോപണം ഉയരുന്നുണ്ട്. സത്യസന്ധമായി കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന അതിജീവിതമാരുടെ ശ്രമത്തെ തകര്‍ക്കാനുള്ള ശ്രമവും ഇത്തരം വ്യാജ ആരോപണങ്ങളിലൂടെ നടക്കുന്നുണ്ട്.

Read more