ഗീതു മോഹന്‍ദാസിനെ സോഷ്യല്‍ മീഡിയയില്‍ പാര്‍വതി തിരുവോത്ത് അണ്‍ഫോളോ ചെയ്തുവെന്ന് ചര്‍ച്ചകള്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ടോക്‌സിക് ചിത്രത്തിന്റെ വീഡിയോയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയായതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്.
പാര്‍വതി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. പാതി മുഖത്തിന്റെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണിത്. ഇതിന് താഴെ പോസ്റ്റിന് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ആരാധകരെത്തി.
View this post on Instagram
കണ്ടത് പറയും എന്നാണ് പാര്‍വതി ഉദ്ദേശിച്ചതെന്നും ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാടാണ് ഇതെന്നും പലരും പ്രതികരിക്കുന്നുണ്ട്. അതേസമയം, കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച വ്യക്തി ഒരുക്കിയ സിനിമയില്‍ നായകന്‍ തന്നെ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകയാണ് എന്നാണ് ഗീതുവിനെതിരെ ഉയരുന്ന വ്യാപക വിമര്‍ശനം.
സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തെത്തിയിരുന്നു. ”സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്‌ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം.”
”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി?” എന്നായിരുന്നു നിതിന്റെ പ്രതികരണം. എന്നാല്‍ ഈ വിഷയത്തില്‍ ഗീതു മോഹന്‍ദാസ് പ്രതികരിച്ചിട്ടില്ല. പകരം യാഷിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്.