സംവിധായകൻ മാരിസെൽവരാജിനെതിരെ കോപ്പിയടി ആരോപണം. എഴുത്തുകാരൻ ചോ- ധർമ്മൻ ആണ് മാരിസെൽവരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വാഴൈ’യ്ക്കെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്. വാഴൈ എന്ന ചിത്രത്തിന്റെ കഥ തന്റെ ‘നീർപാളി’ എന്ന ചെറുകഥ സമാഹാരത്തിൽ നിന്നും എടുത്തതാണെന്നാണ് ചോ ധർമ്മൻ പറയുന്നത്.
“പത്ത് വർഷം മുൻപ് ഞാൻ എഴുതിയ ചെറുകഥയായ ‘വാഴൈയടി’യാണ് ഇപ്പോൾ സിനിമയായിരിക്കുന്നത്. സിനിമ ഇറങ്ങിയതിന് പിന്നാലെ നിരവധി സുഹൃത്തുക്കളും വായനക്കാരും എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ സിനിമ കണ്ടത്.” ചോ ധർമ്മൻ പറയുന്നു.
ചോ ധർമ്മന്റെ സഹോദരനും മാതൃ സഹോദരനും ജനിച്ച തിരുവായിക്കുണ്ടത്തിനടുത്തുള്ള പൊന്നങ്കുറിശ്ശിയിലുള്ള മനുഷ്യരുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് താൻ കഥയെഴുതിയതെന്നും, സിനിമ പോലെയൊരു മാധ്യമത്തിലേക്ക് വന്നതുകൊണ്ടാണ് ഇപ്പോൾ വാഴൈ ആഘോഷിക്കപ്പെടുന്നതെന്നും ചോ ധർമ്മൻ പറയുന്നു.
അതേസമയം ചോ ധർമ്മന്റെ വാഴൈയടി എന്ന ചെറുകഥ താൻ ഇപ്പോൾ വായിച്ചുവെന്നും നിങ്ങളും വായിക്കണമെന്ന് പറഞ്ഞ് മാരി സെൽവരാജ് ചെറുകഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
‘മാമന്നൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വാഴൈ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജിന്റെ ഏറ്റവും മികച്ച ചിത്രമാണ് വാഴൈ എന്നാണ് നിരൂപകർ വിലയിരുത്തുന്നത്.
ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയിരുന്നില്ല. എന്നാൽ ഓഗസ്റ്റ് 30 മുതൽ കേരളത്തിലും ചിത്രം റിലീസിനൊരുങ്ങുകയാണ്. കലൈയരസൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിഖില വിമൽ, ദിവ്യ ദുരൈസാമി, പ്രിയങ്ക നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Read more
സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 23 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജിന്റെ സ്പോർട്സ് ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.