ദുരൂഹമായ കൊലപാതകം, അതിബുദ്ധിമാനായ കില്ലര്‍; പൃഥ്വിരാജിന്റെ ഹൊറര്‍ ത്രില്ലര്‍, 'കോള്‍ഡ് കേസ്' ട്രെയ്‌ലര്‍

പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന “കോള്‍ഡ് കേസ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ദുരൂഹമായ ഒരു കൊലപാതകം, സമര്‍ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, അതീന്ദ്രിയ ശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരയായ ഒരു മാധ്യമപ്രവര്‍ത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീര്‍ണമായ കഥാഗതിയാണ് ചിത്രത്തിന്റേത്.

ഛായാഗ്രാഹകന്‍ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ്, ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി ജൂണ്‍ 30 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ ഗ്ലോബല്‍ പ്രീമിയര്‍ ആരംഭിക്കും.

പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി ചിത്രം കൂടിയാണിത്. സങ്കീര്‍ണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോള്‍ഡ് കേസ്. കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എസിപി സത്യജിത് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Read more

കൊലപാതകത്തിനു പിന്നിലെ നിഗൂഢതകള്‍ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജയും (അദിതി ബാലന്‍) അവിശ്വസനീയമായ ചില രഹസ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.