കമലിനെയും ശിവകാര്‍ത്തികേയനെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യണം; താരങ്ങള്‍ക്കെതിരെ പ്രതിഷേധം, വിവാദമായി 'അമരന്‍'!

ശിവകാര്‍ത്തികേയന്‍ നായകനായ ‘അമരന്‍’ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതിന് പിന്നാലെയാണ് മുസ്ലീങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സിനിമയ്‌ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്.

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതിനാല്‍ കമല്‍ ഹാസനെയും ശിവകാര്‍ത്തികേയനെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക മക്കള്‍ ജനനായക കക്ഷി (ടി.എം.ജെ.കെ) ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ചിലയിടത്ത് പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സിനിമയുടെ റിലീസ് തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ടി.എം.ജെ.കെ പാര്‍ട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറി റയാല്‍ സിദ്ദിഖി ആവശ്യപ്പെട്ടു.

Read more

കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്ന ഇന്ത്യന്‍ കരസേനയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. 2014 ജമ്മു കശ്മീരിലെ ഷോപിയാന്‍ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നയിച്ച മുകുന്ദ് വരദരാജന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം.