അലി അക്ബര്‍ ചിത്രം “1921 പുഴ മുതല്‍ പുഴ വരെ” എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രെയിലര്‍ രൂപത്തില്‍ പുറത്തിറക്കിയത്. അതെ സമയം ചിത്രത്തിന്റെ നിര്‍മ്മാണ ആവശ്യത്തിനായി വിഷുക്കൈനീട്ടം അഭ്യര്‍ത്ഥിച്ച തനിക്ക് പണം ലഭിച്ചതായും അലി അക്ബര്‍ അറിയിച്ചു.
ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം തുടങ്ങുമെന്നും അലി അക്ബര്‍ പറഞ്ഞു.
സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന “വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.