തിയേറ്ററില്‍ വിജയ് തരംഗം തീര്‍ത്തതോടെ കോപ്പിയടി ആരോപണവുമായി രജനികാന്ത് ആരാധകര്‍. രജനികാന്തിന്റെ ‘പേട്ട’, ‘ജയിലര്‍’ എന്നീ ചിത്രങ്ങളുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. രജനി സിനിമകളുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ലിയോയില്‍ ക്ലൈമാക്‌സ് ഫൈറ്റ് കഴിഞ്ഞ് മാസ് ലുക്കില്‍ കസേരയില്‍ വിജയ് ഇരിക്കുന്നൊരു രംഗമുണ്ട്. ഇത് പേട്ടയിലെ രംഗമാണ് എന്നാണ് രജനി ആരാധകര്‍ പറയുന്നത്. ഈ സീനില്‍ വിജയ് ധരിച്ച ഷര്‍ട്ടിന്റെ നിറം, കളര്‍ ഗ്രേഡിംഗ്, കസേരയും മുഴുവന്‍ സജ്ജീകരണവും എല്ലാം പേട്ട കോപ്പിയാണ് എന്ന വാദവുമായാണ് രജനി ആരാധകര്‍ എത്തിയിരിക്കുന്നത്.
ലിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്ന രീതി, ജയിലറിലെ രജനികാന്തിന്റെ രീതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ ഉള്‍പ്പെടുത്തിയാണ് താരതമ്യം. രജനികാന്ത് ആര്‍മി പേജുകളിലാണ് ഇത്തരം കോപ്പി ആരോപണം ഉയരുന്നത്.
വിജയ്‌യുടെ അഭിനയം കണ്ട് ചിരിയാണ് വരുന്നതെന്നും, ബ്ലഡി സ്വീറ്റ് അല്ല ബ്ലഡി ഡിസാസ്റ്റര്‍ ആണ് ലിയോ എന്ന് പറഞ്ഞു കൊണ്ടുള്ള ഡീഗ്രേഡിംഗ് കമന്റുകളും രജനി ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നുണ്ട്.
അതേസമയം, ലിയോ സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. 140 കോടിയില്‍ അധികമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. 44.5 കോടിയായിരുന്നു ജയിലറിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡും ആദ്യ ദിനത്തില്‍ ലിയോ മറികടന്നിട്ടുണ്ട്.