വെള്ളിത്തിരയില്‍ സവര്‍ക്കറാകാന്‍ രണ്‍ദീപ് ഹൂഡ; ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മഹാനെന്ന് നടന്‍

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ ഇനി വെള്ളിത്തിരയിലേക്ക്. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് നായകന്‍. മഹേഷ് വി മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതില്‍ പലര്‍ക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. അങ്ങനെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്’, രണ്‍ദീപ് ഹൂഡ പറഞ്ഞു. സവര്‍ക്കറായി അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവഗണിക്കപ്പെട്ടവന്റെ കഥ പറയാന്‍ പറ്റിയ സമയമാണിത്. നമ്മുടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും ചിത്രം’, സംവിധായകന്‍ പറഞ്ഞു.ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരികണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.