മോഹന്‍ലാലിന്‍റെ സ്വപ്നചിത്രം; മന്ത്രവാദ പാവയായി പ്രതാപ് പോത്തനും

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ത്രിമാന ഫാന്റസി ചിത്രമാണ് ബറോസ്. ഇപ്പോള്‍ പ്രി-പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ബറോസ്. ചിത്രത്തില്‍ പ്രതാപ് പോത്തനും ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് പുതിയ ബറോസ് വിശേഷം. മന്ത്രവാദ പാവയായിട്ടാകും ചിത്രത്തില്‍ പ്രതാപ് പോത്തന്‍ എത്തുക. അനിമേഷന്‍ സാങ്കേതിക വിദ്യയോടെയുള്ള മന്ത്രവാദ പാവയുടെ ശബ്ദമാകും ചിത്രത്തില്‍ പ്രതാപ് പോത്തന്‍ നല്‍കുക. ലാലിന്റെ ആദ്യസംവിധാന സംരംഭത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഗോവയിലും കേരളത്തിലുമായിട്ടാണ് പ്രധാനമായും ഷൂട്ടിംഗ് നടത്തുക. ത്രിഡി ചിത്രമായതിനാല്‍ തന്നെ കുറെ ഭാഗങ്ങള്‍ സ്റ്റുഡിയോക്ക് അകത്തും ചിത്രീകരിക്കേണ്ടി വരും. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തും. സംഗീതമൊരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയന്‍ നാദസ്വരമാണ്.ലോസേഞ്ചല്‍സില്‍ നിന്നുള്ള പതിന്നാലുകാരിയാണ് നായികയാകുന്നത്.

Read more

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കെ.യു. മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിന്റെ തിരക്കഥയെഴുതുന്നത്. പ്രശസ്ത സ്പാനിഷ് അഭിനേതാക്കളായ പാസ് വെഗയും റാഫേല്‍ അമര്‍ഗോയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.