രഞ്ജു രഞ്ജിമാര്‍ കേന്ദ്രകഥാപത്രമാകുന്ന 'മഹാരി', ടൈറ്റില്‍ പോസ്റ്റര്‍

സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഹാരി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ലൈംഗിക തൊഴിലാളികളായി മാത്രം മുദ്രകുത്തി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ട്രാന്‍ജന്‍ഡര്‍മാരുടെ ഉള്ളിലെ തുടിക്കുന്ന മാതൃഹൃദയത്തെ തുറന്ന് കാണിക്കുന്നതാണ് ഈ ഹ്രസ്വ ചിത്രം.

സമൂഹത്തില്‍ പകല്‍ മാന്യന്മാരായി ജീവിക്കുന്നവരിലെ ഇരുണ്ട മനസിനേയും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു. ‘ഇവളും ഒരു സ്ത്രീയാണ് കേവലം ശരീരത്തിനുമപ്പുറം സ്വതന്ത്രമായ മനസും ആത്മാവുമുള്ള ഒരു മനുഷ്യ ജന്മം’ എന്ന ടാഗ് ലൈനോടെയാണ് പ്രിയമണി, അജു വര്‍ഗ്ഗീസ്, അശോകന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയ താരങ്ങള്‍ മഹാരിയുടെ ഫസ്റ്റ് ലുക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

നാഗം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിദ്ര വാസുദേവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. രഞ്ജു രഞ്ജിമാര്‍ക്കൊപ്പം ജയപ്രകാശ് പാട്ടുരയ്ക്കലും പ്രധാന കഥാപാത്രമാകുന്നു. രാഹുല്‍ മേനോന്‍ പുല്‍പ്പള്ളി, ഫാജു വൈഡ്സ്‌ക്രീന്‍ എന്നിവരാണ് ഛായാഗ്രഹണം.

സമകാലിക പ്രസക്തിയുള്ള ഈ ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രമുഖ സ്‌ക്രീനിംഗ് പ്ലാറ്റ്ഫോമിലൂടെ മഹാരി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Read more