രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം

രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം. കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും കോടതി ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതികളാണ് ഇരുവരും. ഇവരെ കൂടാതെ കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കൂടി ജാമ്യം ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയാണ് ജാമ്യം നൽകിയത്.

നിലവിൽ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയിൽ ആണ് ദർശൻ. ദർശന്‍റെ രക്തസമ്മർദ്ദത്തിന്റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാൻ കോടതിയിൽ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷയിൽ ഉത്തരവിറക്കിയത്.

ഇക്കഴിഞ്ഞ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ഒക്ടോബർ 30 ന്, ആരോഗ്യ കാരണങ്ങളാൽ ജസ്റ്റിസ് ഷെട്ടി ദർശന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിൽ നടനെ കള്ളക്കേസിൽ കുടുക്കുകയാണെന്നും പ്രോസിക്യൂഷൻ തനിക്കെതിരെ തെളിവുകൾ നിരത്തിയിട്ടുണ്ടെന്നും ദർശനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിവി നാഗേഷ് കോടതിയെ അറിയിച്ചിരുന്നു.

ജൂണ്‍ 8ന് ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലില്‍ തള്ളിയെന്ന കേസ് ആണ് ദര്‍ശനെതിരെയുള്ളത്. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി നടന്റെ കാമുകിയായ പവിത്ര ഗൗഡയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു എന്ന ദേഷ്യത്തിനാണ് ഇയാളെ കൊലപ്പെടുത്തിയത്.

Read more