രജനികാന്തിന്റെ റെക്കോഡ് തകര്‍ത്ത് രാജമൗലി! ജപ്പാനില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് 'ആര്‍ആര്‍ആര്‍'

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി എസ്.എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. രജനികാന്ത് ചിത്രം ‘മുത്തു’വിന്റെ 24 വര്‍ഷത്തെ റെക്കോര്‍ഡാണ് രാജമൗലി ചിത്രം തകര്‍ത്തിരിക്കുന്നത്. 24 കോടിയിലേറെ രൂപയാണ് ചിത്രം ജപ്പാനില്‍ നിന്ന് നേടിയത്.

ഒക്ടോബര്‍ 21ന് ആണ് രാം ചരണും ജൂനിയര്‍ എന്‍ടിആറും മുഖ്യ വേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ജപ്പാനില്‍ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും റിലീസ് ദിവസം ജപ്പാനില്‍ എത്തിയിരുന്നു. ഇന്ത്യയിലേതിന് സമാനമായ സ്വീകരണമാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.

403 മില്യണ്‍ യെന്‍ ആണ് ചിത്രത്തിന് ജപ്പാനിലെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത്. 55 ദിവസം കൊണ്ടാണ് ചിത്രം മുത്തു എന്ന സിനിമയുടെ റെക്കോര്‍ഡ് തിരുത്തി പുതിയ ചരിത്രം സൃഷ്ടിച്ചത്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകള്‍ ആര്‍ആര്‍ആര്‍ ടീം തങ്ങളുടെ പേജില്‍ റീ ട്വീറ്റ് ചെയ്തിരുന്നു.

ജപ്പാനില്‍ നേട്ടം കൈവരിച്ച ചിത്രങ്ങളില്‍ മൂന്നാമത് രാജമൗലിയുടെ ബാഹുബലിയാണ്. അതേസമയം, 1995ല്‍ ആണ് രജനികാന്തിന്റെ മുത്തു റിലീസ് ചെയ്തത്. മലയാള ചിത്രം ‘തേന്‍മാവിന്‍ കൊമ്പത്തി’ന്റെ റീമേക്കാണ് മുത്തു. ചിത്രം കെ.എസ് രവികുമാര്‍ ആണ് സംവിധാനം ചെയ്തത്.