പരിക്കേറ്റു എന്ന വാര്‍ത്ത വ്യാജം, ഈശ്വരാനുഗ്രഹത്താല്‍ സുഖമായിരിക്കുന്നു: സഞ്ജയ് ദത്ത്

തെലുങ്ക് സിനിമയുടെ സെറ്റില്‍ വെച്ച് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ തള്ളി സഞ്ജയ് ദത്ത്. ‘കെഡി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ബോം സ്‌ഫോടനം ചിത്രീകരിക്കുന്നതിനിടെ സഞ്ജയ് ദത്തിന് പരിക്കേറ്റു എന്നായിരുന്നു കഴിഞ്ഞ ദിവസം തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

”എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. ഈശ്വരാനുഗ്രഹത്താല്‍ ഞാന്‍ സുഖമായിരിക്കുന്നു, ആരോഗ്യവാനും. കെഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ്.”

”ചില രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ടീം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. നിങ്ങളുടെ ആശങ്കയ്ക്കും അന്വേഷണങ്ങള്‍ക്കും നന്ദി പറയുന്നു” എന്നാണ് സഞ്ജയ് ദത്ത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ ‘കെഡി-ദി ഡെവിള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ചിത്രത്തില്‍ വില്ലനായിട്ടാണ് താരമെത്തുന്നത്.

Read more

പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ സര്‍ജയും ശില്‍പ ഷെട്ടിയും രവിചന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി 1970 കളിലെ ബംഗളൂരു പശ്ചാത്തലമാക്കിയുള്ളതാണ് ഈ സിനിമയെന്നും റിപ്പോര്‍ട്ടുകളുണ്ട്.