'ചതുരം' ഇനി ഒ.ടി.ടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ ഒ.ടി.ടിയിലാണ് ചിത്രം എത്തുക. എന്നാല്‍ ഉടന്‍ വരും എന്നല്ലാതെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

‘നിദ്ര’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ആയതു മുതല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്.

ശാന്തി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള.

Read more

എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം അഖില്‍രാജ് ചിറയില്‍. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.