ഹൃദയസരസ്സുകളില്‍ ഇടം നേടിയ നിത്യ സുന്ദര കവി; ശതാഭിഷേക നിറവില്‍ ശ്രീകുമാരന്‍ തമ്പി

‘ഹൃദയഗീതങ്ങളുടെ കവി’ എന്നാണ് ശ്രീകുമാരന്‍ തമ്പി അറിയപ്പടുന്നത്. പ്രണയത്തെ അത്രമേല്‍ ആഴത്തില്‍ വരികളിലൂടെ പ്രിതിഫലിപ്പിക്കാന്‍ ശ്രീകുമാരന്‍ തമ്പിക്ക് സാധിച്ചിട്ടുണ്ട്. മലയാളികളുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 84-ാം പിറന്നാള്‍. 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ആണ് ശ്രീകുമാരന്‍ തമ്പി ജനിച്ചത്.

‘കാട്ടുമല്ലിക’ എന്ന സിനിമയിലാണ് ആദ്യമായി പാട്ട് എഴുതുന്നത്. കാലാന്തരങ്ങള്‍ക്കും അപ്പുറം നിത്യശോഭയോടെ തെളിഞ്ഞു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ വരികള്‍. തലമുറകളുടെ ഹൃദയസരസ്സുകളില്‍ ഇടം നേടിയ നിത്യ സുന്ദര ഗാനങ്ങള്‍. സാധാരണക്കാര്‍ക്ക് മനസിലാവുന്ന ലളിതമായ വാക്കുകളിലൂടെ ഗാനങ്ങള്‍ ഒരുക്കിയ അദ്ദേഹം വേഗത്തില്‍ തന്നെ ജനപ്രിയ ഗാനരചയിതാവായി.

1971ല്‍ ‘വിലയ്ക്കുവാങ്ങിയ വീണ’യിലെ ഗാനങ്ങള്‍ക്ക് തമ്പി മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1969ല്‍ ആരംഭിച്ച സംസ്ഥാന പുരസ്‌കാരം ആദ്യം ഗാനരചനയ്ക്ക് നേടിയത് വയലാറും, തുടര്‍ന്ന് പി. ഭാസ്‌ക്കരനും പിന്നാലെ ശ്രീകുമാരന്‍ തമ്പിയും അര്‍ഹരായി. ഇതോടെയാണ് തന്നിലെ പ്രതിഭ നിസ്സാരക്കാരനല്ലെന്ന് ശ്രീകുമാരന്‍ തമ്പി തെളിയിച്ചത്.

എന്നാല്‍ ശ്രീകുമാരന്‍ തമ്പി എഴുതിയ പല ഗാനങ്ങളും വയലാറിന്റേത് എന്ന നിലയില്‍ പ്രചരിക്കപ്പെട്ടിരുന്നു. യേശുദാസിന് പോലും ഈ പിശക് സംഭവിച്ചപ്പോള്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം, സിനിമയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കുമായി മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 78 സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു.

22 ചലച്ചിത്രങ്ങള്‍ സ്വന്തമായി നിര്‍മിച്ചു. 13 ടെലിവിഷന്‍ പരമ്പരകളുടെ നിര്‍മാതാവും സംവിധായകനുമായി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്ക് കഴിഞ്ഞ കഴിഞ്ഞ തവണത്തെ വയലാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

Read more