ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വഖഫ് ബില്ലില്‍ വാഗ്വാദം മുറുകുന്നു; രാജ്യസഭ വോട്ടിംഗ് കണക്കില്‍ 'അട്ടിമറി' സാധ്യമോ?

വ്യാഴാഴ്ച പുലർച്ചെ ലോക്‌സഭയിൽ 288-232 വോട്ടുകൾക്ക് പാസായ വിവാദമായ വഖഫ് (ഭേദഗതി) ബില്ലിന് രാജ്യസഭയുടെയും അംഗീകാരം ലഭിക്കാന്‍ സാങ്കേതികമായി തടസമില്ല. എന്നിരുന്നാലും, ലോക്‌സഭയെ അപേക്ഷിച്ച്, ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയും പ്രതിപക്ഷവും തമ്മിലുള്ള അന്തരം കുറയാനിടയുണ്ട്. അതായത്, ബില്ലിനെ എതിർക്കുന്ന എല്ലാ പാർട്ടികളും പൂർണ്ണ ശക്തിയോടെ ചർച്ചയിൽ പങ്കെടുക്കുകയും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്താൽ, ലോകസഭയിൽ പാസ്സാക്കിയ ലാഘവത്തിൽ രാജ്യസഭ കടക്കൽ ദുഷ്കരമാകും. രാജ്യസഭയിൽ പകുതിയിലധികം അംഗങ്ങളുള്ള എൻ‌ഡി‌എക്ക് അവരുടെ നിലവിലെ ശക്തിയുടെ ബലത്തിൽ എളുപ്പത്തിൽ ബിൽ പാസ്സാക്കാം എന്ന പ്രതീക്ഷയിലാണ്. ബിജെപിക്ക് മാത്രം രാജ്യസഭയിൽ 98 അംഗങ്ങളാണുള്ളത്. ജെഡിയു, ടിഡിപി, എൻസിപി, ശിവസേന , ആർഎൽഡി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളെയും എഐഎഡിഎംകെ പോലുള്ള സൗഹൃദ പാർട്ടികളെയും കൂടി ചേർത്താൽ ഭരണകക്ഷിയുടെ അംഗസംഖ്യ 122 ആയി ഉയരും.

ജെഡിയു, എഐഎഡിഎംകെ എന്നിവയ്ക്ക് നാല് അംഗങ്ങൾ വീതമാണുള്ളത്. എൻസിപിക്ക് മൂന്ന്, ടിഡിപിക്ക് രണ്ട്, ആർപിഐ (അതാവാലെ), ജെഡി(എസ്), അസം ഗണ പരിഷത്ത്, പിഎംകെ, തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ), നാഷണൽ പീപ്പിൾസ് പാർട്ടി, മിസോ നാഷണൽ ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (ലിബറൽ), ആർഎൽഡി, ശിവസേന, രാഷ്ട്രീയ ലോക് മോർച്ച തുടങ്ങിയ പാർട്ടികൾക്ക് ഓരോ അംഗവുമുണ്ട്. ഹരിയാനയിൽ നിന്നുള്ള ഒരു സ്വതന്ത്ര അംഗം കാർത്തികേയ ശർമ്മയും ബിജെപിയുടെ പിന്തുണയോടെ വിജയിച്ചതിനാൽ അവരെ പിന്തുണയ്ക്കും. പിന്നെ ആറ് അറ്റാച്ച്ഡ് നോമിനേറ്റഡ് അംഗങ്ങളുണ്ട്. അവരിൽ പലരും ഭരണ സഖ്യത്തെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. രഞ്ജൻ ഗൊഗോയ്, ഇളയരാജ, ധർമ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ, പി ടി ഉഷ, വി വിജയേന്ദ്ര പ്രസാദ്, സുധ മൂർത്തി എന്നിവരാണ് ഈ നോമിനേറ്റഡ് അംഗങ്ങൾ. എൻഡിഎ പൂർണ്ണ ശക്തിയോടെ വോട്ട് ചെയ്യുകയും സ്വതന്ത്രരും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും പ്രതീക്ഷിച്ചതുപോലെ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താൽ, ഭരണപക്ഷത്തിന് 130 അംഗങ്ങളുടെ എണ്ണം എത്താൻ വളരെ എളുപ്പമാണ്.

മറുവശത്ത്, പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന് 86 എംപിമാരുണ്ട്. കോൺഗ്രസിന് 27 അംഗങ്ങളും, ടിഎംസിക്ക് 13 അംഗങ്ങളും, ഡിഎംകെയ്ക്കും എഎപിക്കും 10 അംഗങ്ങളും, ആർജെഡിക്ക് അഞ്ച് അംഗങ്ങളും, സിപിഎം, സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയ്ക്ക് നാല് വീതവും, ജെഎംഎം മൂന്ന് അംഗങ്ങളും, ശിവസേന (യുബിടി), എൻസിപി (എസ്പി), സിപിഐ, ഐയുഎംഎൽ എന്നിവയ്ക്ക് രണ്ട് വീതവും, എംഡിഎംകെ, കേരള കോൺഗ്രസ് (മാണി) എന്നിവയ്ക്ക് ഓരോ അംഗവുമുണ്ട്. മധുരയിൽ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ, പാർട്ടി എംപിമാർ വ്യാഴാഴ്ച സഭയിൽ പൂർണ്ണമായി പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, അസമിലെ അജിത് കുമാർ ഭൂയാൻ എന്നീ രണ്ട് സ്വതന്ത്രരുടെ പിന്തുണ പ്രതിപക്ഷ ക്യാമ്പിന് ആശ്രയിക്കാവുന്നതാണ്.

പിന്നെയുള്ള മൂന്ന് പ്രധാന കക്ഷികളായ വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി, ബി.ആർ.എസ് വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തവരാണ്. ഈ മൂന്ന് പാർട്ടികൾക്കും ഒരുമിച്ച് 18 അംഗങ്ങളുണ്ട്. വൈ.എസ്.ആർ.സി.പിക്കും ബി.ജെ.ഡിക്കും 7 എംപിമാർ വീതവും ബി.ആർ.എസിന് 4 എംപിമാരുമുണ്ട്. ഈ പാർട്ടികൾ ബില്ലിനെതിരെ വോട്ട് ചെയ്യുമോ അതോ അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സഭയിൽ നിന്ന് ഇറങ്ങി പോകുമോ എന്ന് കണ്ടറിയണം. ഇന്ത്യാ ബ്ലോക്ക് പൂർണ്ണ ശക്തിയോടെ വോട്ട് ചെയ്യുകയും സ്വതന്ത്രരും വൈഎസ്ആർസിപി, ബിജെഡി, ബിആർഎസ് അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്താൽ അവരുടെ അംഗസംഖ്യ 106 ആകും.