ഞാനിന്ന് ദൈവത്തെ കണ്ടു; സ്പീല്‍ബര്‍ഗുമായി കൂടിക്കാഴ്ച്ച നടത്തി രാജമൗലി

തന്റെ ആരാധ്യപുരുഷനായ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിനെ കണ്ട സന്തോഷത്തിലാണ് എസ് എസ് രാജമൗലി. ലോസ് ഏഞ്ചല്‍സില്‍ എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് രാജമൗലിയും സ്പീല്‍ബര്‍ഗും കണ്ടുമുട്ടിയത്.

‘ ദൈവത്തെ കണ്ടു’ എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ദ ഫേബിള്‍സ്മാന്‍ രണ്ട് പുരസ്‌കാരങ്ങളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാര്‍ഡുകളായിരുന്നു അവ.

രാജമൗലിക്കൊപ്പമുണ്ടായിരുന്ന സംഗീത സംവിധായകന്‍ എം.എം. കീരവാണിയും കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവല്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളില്‍ പറയാനുമുള്ള ഭാഗ്യമുണ്ടായെന്നുമാണ് കീരവാണി ട്വീറ്റ് ചെയ്തത്. എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

Read more

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര്‍ റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.