തിയേറ്റര്‍ കത്തിക്കും, ട്രെന്‍ഡിംഗില്‍ സൂര്യയുടെ 'ഫയര്‍ സോംഗ്'; ബജറ്റ് 300 കോടി, 38 ഭാഷകളില്‍ റിലീസ്

തമിഴില്‍ വരാനിരിക്കുന്ന റിലീസുകളില്‍ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ‘കങ്കുവ’. 300 കോടി ബജറ്റില്‍ 38 ഭാഷകളിലായി ഒരുക്കുന്ന സൂര്യ ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനം റിലീസ് ചെയ്ത് 5 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

‘ഫയര്‍ സോംഗ്’ എന്ന ടൈറ്റിലോടെ എത്തിയ ഗാനം വിഎം മഹാലിംഗം, സെന്തില്‍ ഗണേഷ്, ഷേന്‍ഭഗരാജ്, ദീപ്തി സുരേഷ് എന്നീ നാല് ഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനത്തിന് വരികള്‍ ഒരുക്കിയത് വിവേക ആണ്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദി നാരായണ ആണ് തിരക്കഥ ഒരുക്കുന്നത്. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയാണ് നായിക. ദിഷയുടെ തമിഴ് അരങ്ങേറ്റമാണ് ചിത്രം. ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

നടരാജന്‍ സുബ്രഹ്‌മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

അതേസമയം, ചിത്രത്തില്‍ സിജിഐ, ഗ്രാഫിക്‌സ് എന്നിവയുടെ പിന്തുണയില്ലാതെ യുദ്ധം ചിത്രീകരിക്കാന്‍ 10000 ആര്‍ട്ടിസ്റ്റുകളെയാണ് ഉപയോഗിച്ചത്. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more