കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്; ലൈംഗികാതിക്രമ പരാതിയില്‍ നടപടിയുമായി നടികര്‍ സംഘം

ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സിനിമയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കാനുള്ള തീരുമാനമെടുത്ത് തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ നിയമിച്ച സമിതിയുടേതാണ് തീരുമാനം.

സമിതി നടത്തുന്ന അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ശുപാര്‍ശ ചെയ്യാനാണ് നടികര്‍ സംഘം പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.

പരാതി നല്‍കുന്നവര്‍ക്ക് നിയമസഹായങ്ങളും നല്‍കും. ഫോണിലൂടെയും ഇ-മെയിലിലൂടെയും പരാതി നല്‍കാം. പരാതി നല്‍കിയവര്‍ ഈ വിഷയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുത്. അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍ പ്രതികരിച്ചിരുന്നു.

”പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമല്ല നടികര്‍ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തിനെ സമീപിച്ചാല്‍ നടികര്‍ സംഘം ശക്തമായ നടപടിയെടുക്കും. അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം” എന്നായിരുന്നു വിശാല്‍ പറഞ്ഞത്.

പിന്നാലെ വിശാലിനെതിരെ നടി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു. നിങ്ങള്‍ വലിയ ഫ്രോഡാണ്. ജീവിതത്തില്‍ എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?, വിവാഹം നിശ്ചയം മുടങ്ങി, എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. ഒരു സംഘടനയില്‍ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂ എന്നാണ് ശ്രീ റെഡ്ഡി പറഞ്ഞത്.