ബാലിശമായ തീരുമാനം, ബുര്‍ഖയ്ക്കുള്ളിലെ ഇരുട്ടില്‍ പ്രതിഭകള്‍ ഒതുങ്ങുന്നു; സൈറയോട് വിയോജിപ്പ് അറിയിച്ച് തസ്ലീമ നസ്രീന്‍

അഭിനയം ഇസ്ലാമില്‍ നിന്ന് അകറ്റിയതിനാല്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്ന് ബോളിവുഡ് നടി സൈറ വസീം അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സൈറയുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിന്‍ രംഗത്തെത്തിയിരിക്കുകയാണ്. തികച്ചും ബാലിശമായ തീരുമാനമാണ് സൈറ കൈക്കൊണ്ടിരിക്കുന്നതെന്നാണ് തസ്ലിമ ട്വിറ്ററില്‍ കുറിച്ചത്.

“” അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കപ്പെട്ടതിനാല്‍, ബോളിവുഡിലെ പ്രഗത്ഭയായ താരം സൈറ വസീം അഭിനയം നിര്‍ത്തുന്നുവെന്ന്. എന്തൊരു ബാലിശമായ തീരുമാനം. മുസ്ലിം സമുദായത്തിലെ നിരവധി പ്രതിഭകള്‍ ബുര്‍ഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്””- തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.

മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് “ബര്‍ക്കത്ത്” നഷ്ടമായെന്നും സൈറ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അഞ്ചു വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ ഒട്ടാകെ ബാധിച്ചു. “സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി”; സൈറാ വസീം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read more

2016- ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. “ദ സ്‌കൈ ഈസ് പിങ്ക്” എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.